എടപ്പാള്‍: കേരളത്തില്‍ എടപ്പാളിന് മാത്രം സ്വന്തമായ പൂരാട വാണിഭത്തിന് കാഴ്ചക്കുലകളും ദീപക്കാഴ്ചകളുമായി വര്‍ണാഭമായ തുടക്കം. പ്രാദേശിക തനിമയും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ എടപ്പാള്‍ പൂരാടവാണിഭം 25 വരെ നീണ്ടുനില്‍ക്കും.
എടപ്പാള്‍ ഗ്രാമപഞ്ചായത്ത്, വ്യാപാരികള്‍, വിവിധ ക്ലബ്ബുകള്‍ എന്നിവരുടെ നേതൃത്വത്തില്‍ അത്തം ദിനത്തില്‍ ആരംഭിച്ച വിപുലമായ ആഘോഷങ്ങള്‍ ഉത്രാട ദിനം വരെയാണ്. പഞ്ചായത്ത് ഓഫീസിന് മുന്നിലൊരുക്കിയ കൂറ്റന്‍ പൂക്കളത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞത്.
ആദ്യകാലത്തെ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ നിന്ന് മാറിയെങ്കിലും പാരമ്പര്യ കര്‍ഷക വിഭവങ്ങളുടെ സാന്നിധ്യമാണ് പൂരാടവാണിഭത്തിന്റെ പ്രധാന സവിശേഷത. കാഴ്ചക്കുലകളുടെ ലേലമാണ് മേളയുടെ പ്രധാന ആകര്‍ഷണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കര്‍ഷക ദിനാചരണം, കലാപരിപാടികള്‍, പൂക്കളമത്സരം, ദീപാലങ്കാരം, ഓണചന്ത, വര്‍ണ്ണാഭമായ ഘോഷയാത്ര എന്നിവ നടക്കും.
പൂരാട ദിനത്തില്‍ സാംസ്കാരിക സമ്മേളനം, കളരിപ്പയറ്റ്, ഹാസ്യസഭ, ഗാനമേള എന്നിവയും പരസ്യ കലാവേദി ഒരുക്കുന്ന കൂറ്റന്‍ കാഴ്ചക്കുലയും തുമ്പിയും പൂവട്ടിയും വേദിയില്‍ വിസ്മയമൊരുക്കും.
സാംസ്കാരിക സമ്മേളനം മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. വി.എസ്. ജോയ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്. ഗായത്രി, എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു തുടങ്ങിയ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പഴമയുടെ ഓര്മ പുതുക്കി 25-ന് ഓണചന്തയോടെയാണ് വാണിഭം സമാപിക്കുക.